Sunday, February 19, 2012

എന്താണ് സ്നേഹം (മീര്‍ താഖി മീര്‍)

എവിടെ നോക്കിയാലും സ്നേഹം
ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു അത്.

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സ്നേഹം തന്നെ
സ്നേഹം സ്നേഹത്തോട് സ്നേഹത്തിലാണെന്ന് തന്നെ പറയാം.

സ്നേഹാംശമില്ലാതെ ഏതു ലക്ഷ്യമാണ്‌ നേടിയിട്ടുള്ളത്?
സ്നേഹം ആഗ്രഹമാണ്, പരമമായ നേട്ടം!

സ്നേഹം വേദനയാണ് ,വേദനയില്ലാതാക്കുന്നതും അത് തന്നെ
ഹേ സന്യാസി, സ്നേഹമെന്തെന്നു നിനക്കെന്തറിയാം?

സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല ഈ ലോകം തന്നെയും
കവികള്‍ വാഴ്ത്തും പോലെ -സ്നേഹം ഈശ്വരനാണ്!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
കഠിനപ്രയത്നം (Marin Sorescu)

തൃണമതിനെ നിരീക്ഷിച്ചു നിരീക്ഷിച്ച-
തില്‍ ഗവേഷണബിരുദമൊന്നു നേടിടും

മേഘങ്ങളൊക്കെയും നിരീക്ഷിച്ചതിലൊ -
രു ബിരുദാന്തര ബിരുദവും.

പുകക്കൊപ്പവും നടന്നിടും നാണി-
ച്ചത് തിരിച്ചു തീയില്‍ ഒളിക്കുവോളം.

നടന്നിടും ഞാന്‍ എല്ലാറ്റിനൊപ്പവും
എല്ലാമെന്നെ അറിഞ്ഞിടും വരെ!
സ്നേഹം ((ഫിരാക് ഗോരക്പുരി )

ഒരു പാട് നാളായി നിന്നെപ്പറ്റി ഓര്‍ത്തിട്ടു
അതിന്നര്‍ത്ഥം നിന്നെ ഞാന്‍ മറന്നു എന്നല്ല.
വിചാരങ്ങളെതുമില്ല, ഇല്ല മനസ്സില്‍ ആഗ്രഹങ്ങളും
സ്നേഹത്തിന്റെ യുക്തിയെപ്പറ്റി ആര്‍ക്കാണ് ഉറപ്പിച്ചു പറയാന്‍ കഴിയുക!
മദ്യപന്‍ ( Firaq Gorakhpuri)

ഹേ ദിവ്യാ !
നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെങ്കില്‍
ഈ പള്ളിമതിലുകള്‍ ഒന്ന് കുലുക്കി കാണിക്കൂ .
ഇല്ലെങ്കില്‍ വരൂ,
ഈ വീഞ്ഞില്‍ നിന്ന് രണ്ടു കവിള്‍ കുടിക്കൂ
എന്നിട്ട് ,
പള്ളിമതിലുകള്‍ തനിയെ കുലുങ്ങുന്നത് കാണൂ .
കവി (TADEUSZ ROZEWICZ. Poland)

കവിത എഴുതുന്നവനും
എഴുതാതിരിക്കുന്നവനും കവിയാണ്‌

സ്വയം വിലങ്ങിടുന്നവനും
വിലങ്ങുകള്‍ അഴിക്കുന്നവനും കവി.

വിശ്വസിക്കുന്നവനും
സ്വയം വിശ്വസിപ്പിക്കാന്‍ പറ്റാത്തവനുമാണ് കവി.

കള്ളം പറഞ്ഞവനും
കള്ളം പറയപ്പെട്ടവനും കവി.

എപ്പോഴും വീഴാന്‍ സാധ്യതഉള്ളവനും
വീണാല്‍ സ്വയം എഴുന്നെല്‍ക്കുന്നവനും കവി.

എല്ലാം വിട്ടു പോകാന്‍ ആഗ്രഹമുള്ളവനും
എന്നാല്‍ ഒന്നും വിട്ടു പോകാന്‍ പറ്റാത്തവനുമാണ് കവി.

Saturday, February 18, 2012

TWINKLE TWINKLE LITTLE STAR
-JANE TAYLOR

മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.

കത്തും സൂര്യന്‍ മറയുമ്പോള്‍
ഇരുളാല്‍ പാരിടം നിറയുമ്പോള്‍,
പൂരിതമാകും ഭൂലോകം
നിന്നുടെ അരിയ വെളിച്ചത്താല്‍ .

ഇരുളില്‍ ഉഴറും പഥികര്‍ക്കോ
വഴികാട്ടുന്നൂ നിന്‍ വെട്ടം,
നിന്‍ ചെറു ദീപ്തിയതില്ലെങ്കില്‍
ഉഴറും വഴിയറിയാതെയവര്‍.

നീലാകാശെ മരുവുന്നൂ നീ
തിരശീലയിലൂടെ നോക്കുന്നു.
പകലോന്‍ പുലരെ ഉദിക്കും വരെയും
കണ്‍ചിമ്മാതെ ഇരിപ്പൂ നീ.

ഒരു തരി ചെറു തരി നീ പ്രഭയേകും
ഇരുളില്‍ പഥികര്‍ക്കെന്നാലും,
നീയാരാണെന്നറിയില്ലിപ്പൊഴും
മിന്നിച്ചിന്നും ചെറുതാരെ.

മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.