Sunday, July 22, 2012

ചെമ്പകപ്പൂവ് -ടാഗോര്‍
ഞാനൊരു ചെമ്പകപ്പൂവായി മാറിയാല്‍ (തമാശക്കുവേണ്ടി),
അക്കാണുന്ന മരത്തിന്റെ ഉയര്‍ന്ന ചില്ലമേല്‍ 
കാറ്റിനോടൊപ്പം ചിരിച്ച്ചുലഞ്ഞു
തളിരിലകളിന്മേല്‍ ചാഞ്ചാടിയാടി
വിടര്‍ന്നു നിന്നാല്‍
നീ എന്നെ തിരിച്ചറിയുമോ അമ്മേ?
" നീ എവിടെയാനെന്റെ കുഞ്ഞേ ?"
എന്ന് നീ അന്വേഷിക്കുമ്പോള്‍
ഞാന്‍ തനിയെ ചിരിച്ചങ്ങനെ  മിണ്ടാതെ ഇരിക്കും.
രഹസ്യമായി എന്റെ ഇതളുകള്‍ വിടര്‍ത്തി
നീ ജോലികളൊക്കെ ചെയ്യുന്നത് നോക്കി ഇരിക്കും.
കുളി കഴിഞ്ഞു, മുടി ചുമലില്‍ വിടര്തിയിട്ടു നീ
മുറ്റത്തേക്ക്‌ പ്രാര്‍ഥിക്കാനായി  വരുമ്പോള്‍
എന്റെ സുഗന്ധം നീ അറിയും
എന്നാല്‍ അതെന്നില്‍ നിന്നാണെന്നു നീ അറിയില്ല.
ഊണ് കഴിഞ്ഞു ജനാലക്കരികില്‍ നീ രാമായണം വായിച്ചിരിക്കുമ്പോള്‍
മരത്തിന്റെ നിഴല്‍ നിന്റെ മുടിയിലും മടിയിലും വീഴുമ്പോള്‍
ഞാനെന്റെ കുഞ്ഞു  നിഴല്‍ നീ വായിക്കുന്നിടത്തെക്കെറിയുമല്ലോ.
ആ കുഞ്ഞു നിഴല്‍ നിന്റെ ഓമനക്കുഞ്ഞിന്റെതാണെന്ന്  നീ ഊഹിക്കുമോ?
വൈകുന്നേരം പശുത്തൊഴുത്തിലേക്കു നീ ദീപവുമായി പോകുമ്പോള്‍,
ഞെട്ടറ്റു ഞാന്‍ മണ്ണില്‍ വീണ്, വീണ്ടും നിന്റെ കുഞ്ഞായി മാറിയാല്‍,
ഒരു കഥ പറയൂ അമ്മേ എന്നെ കെഞ്ചിയാല്‍
"എവിടെയായിരുന്നു നീ എന്റെ കുസൃതി?"
"ഞാനത് പറയില്ലല്ലോ അമ്മേ."
ഇങ്ങനെയാവും നമ്മള്‍ സംസാരിക്കുക.



Friday, July 13, 2012

പേടിക്കാന്‍ തന്നെ പേടിച്ചു പോകുന്ന നിമിഷങ്ങളുണ്ട്‌
എന്റെ ദൈവമേ! എന്ന വിളി മടിച്ചു മടിച്ചു
നട്ടെല്ലിലൂടെ അതീവ വേഗമാര്‍ന്ന വേഗത ഇല്ലായ്മയില്‍
തരിച്ചു തരിച്ചങ്ങനെ അരിച്ചിറങ്ങും.
ഒരു നിമിഷം ഹൃദയം നില്‍ക്കും
... പിന്നെ വീണ്ടും ബോധാബോധങ്ങള്‍ക്കിടയില്‍
ജീവിതം ഓര്‍മ്മിപ്പിക്കുമ്പോള്‍ നിര്‍ത്തിയ ഇടത്തു നിന്നും
വീണ്ടും മിടിച്ചു തുടങ്ങും.
ഒരു നിമിഷ മാത്രയുടെ ചൂടില്‍ പരലുപ്പാകുന്ന കണ്ണീര്‍
വേദനയുടെ തീവ്രതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഓടി നടക്കും!

ഒരു ചുംബനത്തെപ്പറ്റി ..- ഗാലിബ്

നിന്റെ ചുണ്ടുകള്‍ പാതി വിടര്‍ന്ന റോസാ പുഷ്പങ്ങളെപ്പോലെ എന്നെ കാണിക്കേണ്ട.
ഒരു ചുംബനം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ .
നിന്റെ ചുണ്ടുകള്‍ അതിനു മറുപടി പറയട്ടെ
'അതിങ്ങനെയാണ് ചെയ്യുന്നതെന്ന് .'

സംതൃപ്തി- Otto Rene Castillo

ജീവിതം മുഴുവന്‍ പോരാടിയ ഒരാള്‍ക്ക്
അവസാനം പറയാവുന്ന മനോഹരമായ ഒരു കാര്യമാണ്
'ഞങ്ങള്‍ ജീവിതത്തെയും ജനങ്ങളെയും വിശ്വസിച്ചു
... രണ്ടും ഞങ്ങളെ തള്ളിപ്പറഞ്ഞില്ല.'

ഇങ്ങനെ മാത്രമാണ് ജനങ്ങള്‍ക്കും ജീവിതത്തിനും വേണ്ടി
പകലിരവു പോരാടുന്ന
പുരുഷന്‍ പുരുഷനാകുന്നതും
സ്ത്രീ സ്ത്രീ ആകുന്നതും.

ഒടുവില്‍ ഈ ജീവിതങ്ങള്‍ അവസാനിക്കുമ്പോള്‍
ഇവര്‍ ജനങ്ങളുടെ ഹൃദയാന്തരാളങ്ങളില്‍
ഒഴിയാ പ്രതിഷ്ടകളാകുന്നു.
വിദൂരദീപ്തികളാകുന്നു.
മകുടോദാഹരണങ്ങള്‍.

ജീവിതം മുഴുവന്‍ പോരാടിയ ഒരാള്‍ക്ക്
അവസാനം പറയാവുന്ന മനോഹരമായ ഒരു കാര്യമാണ്
'ഞങ്ങള്‍ ജീവിതത്തെയും ജനങ്ങളെയും വിശ്വസിച്ചു
രണ്ടും ഞങ്ങളെ തള്ളിപ്പറഞ്ഞില്ല.'

അരാഷ്ട്രീയ ബുദ്ധിജീവികള്‍ -Otto Rene Castillo

ഒരു ദിവസം
എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഏറ്റവും സാധാരണക്കാര്‍ ആയ ഞങ്ങളുടെ ജനങ്ങളാല്‍
... ചോദ്യം ചെയ്യപ്പെടും.

നേര്‍ത്തു മനോഹരമായോരഗ്നിനാളം
ഒറ്റക്കെരിഞ്ഞടങ്ങിയപോലെ രാജ്യം മരിച്ചു വീഴുമ്പോള്‍
അവര്‍ എന്ത് ചെയ്തുവെന്ന്
ജനങ്ങള്‍ അവരോടു ചോദിക്കും.

അവരുടെ കുപ്പായങ്ങളെപ്പറ്റിയോ
ഉച്ചയുറക്കങ്ങളെപ്പറ്റിയോ
ആരും അവരോടു ചോദിക്കില്ല.
ഒന്നുമില്ലായ്മയെന്ന ആശയത്തെപ്പറ്റിയുള്ള
അവരുടെ വിഫലമായ ഏറ്റുമുട്ടലുകളെപ്പറ്റിയും
ആര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാവില്ല .
അവരുടെ ഉന്നത സാമ്പത്തിക വിദ്യാഭ്യാസത്തെപ്പറ്റിയും
അറിയാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ല.

ഗ്രീക്ക് ഇതിഹാസങ്ങളെപ്പറ്റി ആരും
അവരോടു ചോദ്യങ്ങള്‍ ചോദിക്കില്ല.
ഉള്ളിന്റെ ഉള്ളില്‍ ഒരു ഭീരുവിന്റെ മരണം
അനുഭവിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന
ആത്മനിന്ദയെപ്പറ്റിയും ആരും അവരോടു ചോദിക്കില്ല.

ജീവിതത്തണലില്‍ പിറന്ന
മണ്ടന്‍ ന്യായീകരണങ്ങളെപ്പറ്റിയും
അവര്‍ ചോദിക്കില്ല.
ആ ദിവസംഏറ്റവും സാധാരണക്കാരായ ആള്‍ക്കാര്‍ വരും.

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
പുസ്തകങ്ങളിലോ, കവിതകളിലോ
യാതൊരു സ്ഥാനവും ഇല്ലാതിരുന്നവര്‍.
എന്നും അവര്‍ക്ക് പാലും, അപ്പവും മുട്ടയും
ടോര്ടില്ലകളും എത്തിച്ച്ചിരുന്നവര്‍.
അവരുടെ കാറുകള്‍ ഓടിച്ചിരുന്നവര്‍
അവരുടെ പൂന്തോട്ടങ്ങളെയും
ഓമനപ്പട്ടികളെയും പരിപാലിച്ച്ചിരുന്നവര്‍
അവര്‍ക്ക് വേണ്ടി പണി എടുത്ത്തിരുന്നവര്‍.
അവര്‍ ചോദിക്കും:

' പാവങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍
അവരുടെ നൈര്‍മല്യം
എരിഞ്ഞു തീര്‍ന്നപ്പോള്‍,
എന്ത് ചെയ്തു നിങ്ങള്‍?"

എന്റെ പ്രിയരാജ്യത്തെ
അരാഷ്ട്രീയ ബുദ്ധിജീവികളെ
അവര്‍ക്ക് നല്‍കാന്‍ നിങ്ങളുടെ
കയ്യില്‍ ഉത്തരങ്ങള്‍ ഉണ്ടാവില്ല.

നിങ്ങളുടെ കുടല്‍മാലകളെ
മൌനത്തിന്റെ കഴുകന്‍ കൊത്തിവലിക്കും.

നിങ്ങളുടെ തന്നെ ദുരിതങ്ങള്‍
നിങ്ങളുടെ ആത്മാവിനെ അലട്ടും

നാണത്താല്‍ നിശബ്ദരാകും നിങ്ങള്‍.

പരാതിയില്ല.
മിണ്ടുന്നില്ലാരുമെന്നോട്
പരാതിയുണ്ടോ?
മിണ്ടുന്നില്ലാരോടും ഞാനും.
ഇല്ല രാഷ്ട്രീയം, ആയതിനാല്‍ ഇല്ല വിശകലനം
... അറിയില്ല കസേരകളി, ചൊല്ലിക്കളി, തല്ലിക്കളി, കൊല്ലുംകളി.
കവിയല്ല, കഥയില്ല,കലാകാരനുമല്ല.
ചൊല്ലാനറിയില്ല, പറയാനറിയില്ല, വരയ്ക്കാനറിയില്ല.
മിഴികളില്‍ മിഴികള്‍ മുട്ടിക്കാതെ നുണ പറയാനറിയില്ല
അറിയില്ല മെനയുവാന്‍ നിറമുള്ള ചിത്രങ്ങള്‍.
അതിനാല്‍ മിണ്ടുന്നില്ലാരുമെന്നോട്
മിണ്ടുന്നില്ല ഞാനും.
വാക്കുകള്‍ പാതിയാക്കി പോകുന്നു കൂട്ടുകാര്‍
ചൊല്ലെണ്ടതെന്തു മൌനത്തോടെന്നു.
പരാതിയില്ല, പറയാനറിയില്ല
പറയേണ്ട പറയുവാനുള്ളതൊന്നും.
പാതി വഴി വന്നു പിരിഞ്ഞുപോം വാക്കുകള്‍
പതിവാണ്, പരാതിയില്ല..

To, women,As far as I am concerned'-D.H. Lawrence
..........................................................
എനിക്കില്ലാത്ത വികാരങ്ങള്‍ ,എനിക്കില്ല തന്നെ.
എനിക്കില്ലാത്ത വികാരങ്ങള്‍ ഉണ്ടെന്നു ഞാന്‍ പറയുകയില്ല.
നിനക്കുന്ടെന്നു നീ പറയുന്ന വികാരങ്ങള്‍, നിനക്കില്ല.
... നമുക്കിരുവര്‍ക്കും ഉണ്ടാകണമെന്ന് നീ ആഗ്രഹിക്കുന്ന വികാരങ്ങള്‍, നമുക്കില്ല.
ചില ആളുകള്‍ക്ക് ഉണ്ടാകേണ്ട വികാരങ്ങള്‍, അവര്‍ക്കില്ല തന്നെ.
ഉണ്ടെന്നു അവര്‍ പറയുന്നുന്ടെകില്‍ ,
നിങ്ങള്‍ക്കുറപ്പിക്കാം,അതവര്‍ക്കില്ലെന്നു.
അതുകൊണ്ട്,
നമുക്കെന്തെങ്കിലും വികാരങ്ങള്‍ ഉണ്ടാവണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍.
വികാരങ്ങളെപ്പറ്റിയുള്ള ചിന്ത തന്നെ നീ വെടിഞ്ഞെക്കുക.

Sometimes it is beautiful
sometimes ugly
sometimes heartwarming
sometimes paingiving
sometimes comforting
... sometimes arguing
sometimes lifegiving
sometimes fatal...
കണ്ണാടി -സില്‍വിയ പ്ലാത്ത് 
 
രസം പൂശിയ ഞാന്‍
കാണുമ്പോലെ തന്നെ.
എനിക്ക് മുന്‍വിധികളൊന്നുമില്ല.
കാണുന്നത് അതേപടി ഞാന്‍ വിഴുങ്ങും.
ഇഷ്ടതിന്റെയോ ഇഷ്ടക്കേടിന്റെയോ പക്ഷപാതമില്ലാതെ.
ഞാന്‍ ക്രൂരയല്ല, സത്യസന്ധ മാത്രം.
ഒരു കുഞ്ഞു ദൈവത്തിന്റെ കണ്ണ്.
നാല് മൂലകളുള്ളത്.
മിക്കസമയവും, എതിരെയുള്ള ചുവരും നോക്കി
ഞാന്‍ ധ്യാനിച്ചിരിക്കും.
പാടലവര്‍ണ്ണത്തില്‍  പാടുകള്‍ വീണൊരു ചുവര്.
ഏറെ നേരം ഞാനതും നോക്കി ഇരുന്നിട്ടുണ്ട്.
അതെന്റെ ഹൃദയത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു-
വെന്നു തോന്നുന്നു.
പക്ഷെ, അതിടക്കിടക്ക് മങ്ങി മറയും.
മുഖങ്ങളും ഇരുട്ടും ഞങ്ങളെ മാറി മാറി വേര്‍പിരിക്കും
ഇപ്പോള്‍ ഞാനൊരു തടാകമാണ്.
ഒരു സ്ത്രീ എന്റെ നേര്‍ക്ക്‌ കുനിയുന്നു.
എന്റെ അന്തരാളങ്ങളില്‍ അവളെത്തന്നെ അന്വേഷിക്കുകയാണ്, അവള്‍ എന്താണെന്ന്.
പിന്നെ അവള്‍ ആ കള്ളന്മാര്‍ക്ക് നേരെ തിരിയുന്നു, മെഴുകുതിരികളും ചന്ദ്രനും.
തിരിയുമ്പോള്‍,അവളുടെ പുറകു വശവും ഞാന്‍ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു.
കണ്ണുനീരും അസ്വസ്ഥമായ കൈകളും കൊണ്ടെന്നെ സമ്മാനിതയാക്കുന്നു അവള്‍.
ഞാനവള്‍ക്ക്  ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
അവള്‍ വരികയും പോവുകയും ചെയ്യും.
എല്ലാ പുലര്ച്ചയിലും എന്റെ ഇരുളകറ്റുന്നത്  അവളുടെ മുഖമാണ്.
ഒരു യുവതിയായെന്നില്‍  മുങ്ങിത്താണിട്ടുണ്ട്.
എന്നാലിന്ന് ,
ദിനംതോറും അവളുടെ നേര്‍ക്ക്‌  ഉയര്‍ന്നു വരുന്നത്
ഒരു വൃദ്ധസ്ത്രീയുടെ മുഖമാണ്...
ഭീതിദമായ ഒരു മീനിനെപ്പോലെ.