Friday, July 13, 2012

അരാഷ്ട്രീയ ബുദ്ധിജീവികള്‍ -Otto Rene Castillo

ഒരു ദിവസം
എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഏറ്റവും സാധാരണക്കാര്‍ ആയ ഞങ്ങളുടെ ജനങ്ങളാല്‍
... ചോദ്യം ചെയ്യപ്പെടും.

നേര്‍ത്തു മനോഹരമായോരഗ്നിനാളം
ഒറ്റക്കെരിഞ്ഞടങ്ങിയപോലെ രാജ്യം മരിച്ചു വീഴുമ്പോള്‍
അവര്‍ എന്ത് ചെയ്തുവെന്ന്
ജനങ്ങള്‍ അവരോടു ചോദിക്കും.

അവരുടെ കുപ്പായങ്ങളെപ്പറ്റിയോ
ഉച്ചയുറക്കങ്ങളെപ്പറ്റിയോ
ആരും അവരോടു ചോദിക്കില്ല.
ഒന്നുമില്ലായ്മയെന്ന ആശയത്തെപ്പറ്റിയുള്ള
അവരുടെ വിഫലമായ ഏറ്റുമുട്ടലുകളെപ്പറ്റിയും
ആര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാവില്ല .
അവരുടെ ഉന്നത സാമ്പത്തിക വിദ്യാഭ്യാസത്തെപ്പറ്റിയും
അറിയാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ല.

ഗ്രീക്ക് ഇതിഹാസങ്ങളെപ്പറ്റി ആരും
അവരോടു ചോദ്യങ്ങള്‍ ചോദിക്കില്ല.
ഉള്ളിന്റെ ഉള്ളില്‍ ഒരു ഭീരുവിന്റെ മരണം
അനുഭവിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന
ആത്മനിന്ദയെപ്പറ്റിയും ആരും അവരോടു ചോദിക്കില്ല.

ജീവിതത്തണലില്‍ പിറന്ന
മണ്ടന്‍ ന്യായീകരണങ്ങളെപ്പറ്റിയും
അവര്‍ ചോദിക്കില്ല.
ആ ദിവസംഏറ്റവും സാധാരണക്കാരായ ആള്‍ക്കാര്‍ വരും.

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
പുസ്തകങ്ങളിലോ, കവിതകളിലോ
യാതൊരു സ്ഥാനവും ഇല്ലാതിരുന്നവര്‍.
എന്നും അവര്‍ക്ക് പാലും, അപ്പവും മുട്ടയും
ടോര്ടില്ലകളും എത്തിച്ച്ചിരുന്നവര്‍.
അവരുടെ കാറുകള്‍ ഓടിച്ചിരുന്നവര്‍
അവരുടെ പൂന്തോട്ടങ്ങളെയും
ഓമനപ്പട്ടികളെയും പരിപാലിച്ച്ചിരുന്നവര്‍
അവര്‍ക്ക് വേണ്ടി പണി എടുത്ത്തിരുന്നവര്‍.
അവര്‍ ചോദിക്കും:

' പാവങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍
അവരുടെ നൈര്‍മല്യം
എരിഞ്ഞു തീര്‍ന്നപ്പോള്‍,
എന്ത് ചെയ്തു നിങ്ങള്‍?"

എന്റെ പ്രിയരാജ്യത്തെ
അരാഷ്ട്രീയ ബുദ്ധിജീവികളെ
അവര്‍ക്ക് നല്‍കാന്‍ നിങ്ങളുടെ
കയ്യില്‍ ഉത്തരങ്ങള്‍ ഉണ്ടാവില്ല.

നിങ്ങളുടെ കുടല്‍മാലകളെ
മൌനത്തിന്റെ കഴുകന്‍ കൊത്തിവലിക്കും.

നിങ്ങളുടെ തന്നെ ദുരിതങ്ങള്‍
നിങ്ങളുടെ ആത്മാവിനെ അലട്ടും

നാണത്താല്‍ നിശബ്ദരാകും നിങ്ങള്‍.

No comments: