Thursday, November 17, 2011

ഇത്രമാത്രം
ഇന്ന് ചോദിക്കണം
നിന്റെ ചുണ്ടുകളോട്.
എന്റെ ചുണ്ടുകള്‍ അവയോടു പറഞ്ഞ സ്വകാര്യങ്ങള്‍?
ഓര്‍ക്കുന്നുണ്ടോ?
ചെവിയില്‍ നിന്ന് ചെവിയിലേക്ക് പാഞ്ഞ പ്രിയ ഗാനങ്ങള്‍?
അവക്കെന്തു പറ്റി?
എന്തോ അന്വേഷിച്ചു നടന്ന വിരലുകളോ?
അവ ലക്‌ഷ്യം കണ്ടോ?
ഉത്തരങ്ങളായി എന്റെ ചോദ്യങ്ങള്‍ തന്നെ
തിരികെ വരുന്നു...
ഇന്ന്
നിന്റെ നെറകയിലെന്റെ
ചുണ്ടുകള്‍
സ്വകാര്യങ്ങളില്ലാതെ
സ്വകാര്യമല്ലാതെ..
ഗാനത്തിനായി ചെവി ഓര്‍ത്തെങ്കിലും
നിശബ്ദത മൂളിക്കൊണ്ടിരുന്നു.
നിന്റെ വിരലുകള്‍ അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു
എന്റേത് ഞാനും.
ഒരു ചുംബനം കൂടി
ഇനിയുമോനനുകൂടി
സ്വകാര്യമല്ലാതെ...
അവര്‍ സമ്മതിക്കും
മരണത്തിന്റെത് അങ്ങനെ ഒരു
ഔദാര്യമാണ്‌
എനിക്കറിയാം
ഇതില്‍ പ്രണയമില്ല.
നിനക്കുമറിയാം.
പക്ഷെ നമുക്ക് മാത്രം
അറിയാവുന്ന ഒന്നുണ്ടായിരുന്നു.
ഇനി എനിക്ക് മാത്രം സ്വന്തമായത്...

No comments: