Thursday, April 12, 2012

പറയേണ്ടത് ( What must me said-Gunter Grass)

എന്തിനാണ് ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നത് ?
യുദ്ധകേളികളില്‍ നഗ്നമായി അനുവര്‍ത്തിച്ചുവന്ന
ഈ നിന്ദ്യതയെപ്പറ്റി പറയാതെ.
ഒടുവില്‍,
എല്ലാം അതിജീവിച്ചുവരുന്ന നമ്മള്‍
വെറും അടിക്കുറിപ്പുകള്‍ മാത്രമാവില്ലേ?

"യുദ്ധപ്രതിരോധം" എന്നവര്‍ പേരിട്ടുവിളിക്കുന്നത്
ആരുടെ അവകാശമാണ്?
ഇറാനിയന്‍ ജനതയെ തുടച്ചുനീക്കിയെക്കാവുന്ന യുദ്ധം.
താനാണ് രാജാവെന്നും
താന്‍ തന്നെയാണ് ശരിയെന്നും
തന്റെ കയ്യിലെ ആണവായുധങ്ങള്‍ ഒളിപ്പിച്ചുവച്ചു
അപരനില്‍ കുറ്റമാരോപിക്കുന്ന അയല്‍രാജ്യം.

എന്തുകൊണ്ടിത്രനാളും
ഇസ്രയെലെന്ന പേര് പറയാന്‍ ഞാന്‍ മടിച്ചു?
ഇതുവരെ പര്സിഹോധിക്കപ്പെടാത്തതും
അനിയന്ത്രിതവും, നിന്ദ്യവും കുട്ടകരവുമായ
ആണവായുധ ശേഖരമുള്ള ഇസ്രയേല്‍.

ഇതെല്ലാം നമുക്കറിയാവുന്നതാണ്
എന്നിട്ടും ഇത്രനാളും നാം നിശബ്ദരായിരുന്നു.
ജൂതവിരുധരെന്നും
നിന്ദ്യരെന്നും
നമ്മള്‍ മുദ്രകുത്തപ്പെടുമെന്നോര്‍ത്തു.
ജര്‍മ്മനിയുടെ പൂര്‍വചരിത്രം പരിശോധിച്ചാല്‍
ഇത് വിശ്വസനീയവുമാണ്.

മറ്റൊരു അന്തര്‍വാഹിനി നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
സര്‍വ വിനാശകാരിയായോരായുധം നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
പറയേണ്ടത്, ഞാന്‍ പറയുന്നു.

എന്തുകൊണ്ടാണ് ഞാനിത്രനാളും നിശബ്ദനായിരുന്നതെന്ന്
നിങ്ങള്‍ ചോദിക്കാം.
തീര്‍ച്ചയായും ഞാനൊരു ജര്‍മ്മനായത് കൊണ്ടുതന്നെ .
ഒരിക്കലും കഴുകിക്കളയാന്‍ പറ്റാത്തൊരു പാപത്തിന്റെ
കറ പുരണ്ടവനാണ് ഞാന്‍.
തെറ്റുകളെല്ലാം ശരിയാക്കുവാനും
എന്റെ പാപങ്ങള്‍ ഭൂതകാലത്തില്‍ നിശബ്ദമായി
മറവു ചെയ്യപ്പെടാനും ആഗ്രഹമുള്ളതുകൊണ്ടും
ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നു.

ഇതുപറയാന്‍ ഞാനിത്രനാളും കാത്തിരുന്നതെന്തിനാണ്?
എന്റെ തൂലികയിലെ അവസാന തുള്ളി മഷി
എന്തിനാണ് ഇതിനു വേണ്ടി ഞാന്‍ ചിലവാക്കുന്നത്?
ഇസ്രയേല്‍ ലോക സമാധാനത്തിനു ഭീഷണി എന്ന്
ഞാന്‍ പ്രഖ്യാപിക്കുന്നതെന്തിനാണ്?
എന്തെന്നാല്‍ അത് സത്യമാണ്.
ഇപ്പോള്‍ത്തന്നെ പറയേണ്ടുന്ന സത്യം.
നാളേക്ക് മാറ്റി വച്ചാല്‍
ഏറെ വൈകിപ്പോകും.

ഇസ്രായേലിനു ആയുധവില്‍പ്പനയിലൂടെ
പുതിയൊരു പാപം പേറുകയാണ് നമ്മള്‍.
മുന്കൂട്ടികാണാവുന്ന ഒരു ദുരന്തത്തിന് കാരണക്കാരാവുന്നു,
എരിതീയില്‍ എണ്ണ ഒഴിക്കുന്നപോലെ.
തീരാക്കളങ്കം!

ഇത് പറയേണ്ടിയിരിക്കുന്നു
ഇനി ഞാന്‍ നിശബ്ദനായിരിക്കില്ല.
പൊങ്ങച്ചവും വീമ്പു പറച്ചിലുകളും ഏറെഞാന്‍ സഹിച്ചു.
മതിയായെനിക്ക്.
എന്നോടൊപ്പം നിങ്ങളും ഭന്ജിക്കൂ ഈ നിശബ്ദത.
അനന്തര ഫലങ്ങള്‍ പ്രവചിക്കാവുന്നതാണ്.
ഇസ്രയേലിന്റെയും ഇറാന്റെയും ആണവശേഖരങ്ങള്‍
അന്താരാഷ്ട്രമേല്‍നോട്ടത്തില്‍ നിരീക്ഷിക്കെണ്ടതും
നിയന്ത്രിക്കേണ്ടതും ആണ്.

മതിഭ്രമം ബാധിച്ച
യുദ്ധവെറി ബാധിച്ച, ഈ മണ്ണില്‍
ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കും
പിന്നെ നമുക്കെല്ലാവര്‍ക്കും
അതിജീവിക്കണമെങ്കില്‍ ഇതേയുള്ളൂ ഒരു മാര്‍ഗം .

No comments: