Sunday, July 22, 2012

ചെമ്പകപ്പൂവ് -ടാഗോര്‍
ഞാനൊരു ചെമ്പകപ്പൂവായി മാറിയാല്‍ (തമാശക്കുവേണ്ടി),
അക്കാണുന്ന മരത്തിന്റെ ഉയര്‍ന്ന ചില്ലമേല്‍ 
കാറ്റിനോടൊപ്പം ചിരിച്ച്ചുലഞ്ഞു
തളിരിലകളിന്മേല്‍ ചാഞ്ചാടിയാടി
വിടര്‍ന്നു നിന്നാല്‍
നീ എന്നെ തിരിച്ചറിയുമോ അമ്മേ?
" നീ എവിടെയാനെന്റെ കുഞ്ഞേ ?"
എന്ന് നീ അന്വേഷിക്കുമ്പോള്‍
ഞാന്‍ തനിയെ ചിരിച്ചങ്ങനെ  മിണ്ടാതെ ഇരിക്കും.
രഹസ്യമായി എന്റെ ഇതളുകള്‍ വിടര്‍ത്തി
നീ ജോലികളൊക്കെ ചെയ്യുന്നത് നോക്കി ഇരിക്കും.
കുളി കഴിഞ്ഞു, മുടി ചുമലില്‍ വിടര്തിയിട്ടു നീ
മുറ്റത്തേക്ക്‌ പ്രാര്‍ഥിക്കാനായി  വരുമ്പോള്‍
എന്റെ സുഗന്ധം നീ അറിയും
എന്നാല്‍ അതെന്നില്‍ നിന്നാണെന്നു നീ അറിയില്ല.
ഊണ് കഴിഞ്ഞു ജനാലക്കരികില്‍ നീ രാമായണം വായിച്ചിരിക്കുമ്പോള്‍
മരത്തിന്റെ നിഴല്‍ നിന്റെ മുടിയിലും മടിയിലും വീഴുമ്പോള്‍
ഞാനെന്റെ കുഞ്ഞു  നിഴല്‍ നീ വായിക്കുന്നിടത്തെക്കെറിയുമല്ലോ.
ആ കുഞ്ഞു നിഴല്‍ നിന്റെ ഓമനക്കുഞ്ഞിന്റെതാണെന്ന്  നീ ഊഹിക്കുമോ?
വൈകുന്നേരം പശുത്തൊഴുത്തിലേക്കു നീ ദീപവുമായി പോകുമ്പോള്‍,
ഞെട്ടറ്റു ഞാന്‍ മണ്ണില്‍ വീണ്, വീണ്ടും നിന്റെ കുഞ്ഞായി മാറിയാല്‍,
ഒരു കഥ പറയൂ അമ്മേ എന്നെ കെഞ്ചിയാല്‍
"എവിടെയായിരുന്നു നീ എന്റെ കുസൃതി?"
"ഞാനത് പറയില്ലല്ലോ അമ്മേ."
ഇങ്ങനെയാവും നമ്മള്‍ സംസാരിക്കുക.



No comments: