പട്ടുപോലൊരു ആത്മാവ്
-Zbigniew Herbert (1924-98)
സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .
...
തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ
സ്പര്‍ശങ്ങളും മാത്രം.
അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.
ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.
എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?
ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.
പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു
കാലുറകള്‍.
എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.
അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?
സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?
( Zbigniew Herbert (1924-98),
the spiritual leader of the anti communist movement in Poland)
No comments:
Post a Comment